
മലമുകളിലെ സൂഫി
ഒരു അനാഥക്കുട്ടിയുടെ മുമ്പിൽ സ്വന്തം കുഞ്ഞിനെ ലാളിക്കരുതെന്ന പ്രവാചകവചനം ഞാൻ ഉദ്ധരിച്ചപ്പോൾ പ്രശസ്ത നോവലിസ്റ്റ് ഒ വി വിജയൻ ഏതാനും നിമിഷം സ്തബ്ധനായിരുന്നുപോയി. പിന്നീട് എന്നോടാവശ്യപ്പെട്ടു, ഹദീസ് ഗ്രന്ഥം അയച്ചുകൊടുക്കണമെന്ന്. ഞാനത് അയച്ചുകൊടുക്കുകയും ചെയ്തു. ഈ പുസ്തകത്തിലെ തിരുമൊഴികൾ, എന്ന ലഘുലേഖനത്തിലും അതിന് തൊട്ടുമുമ്പുള്ള കുറിപ്പിലും ഇത്തരം നബിവചനങ്ങളാണുള്ളത്, ജലാലുദ്ദീൻ റൂമിയുടെയും അൽ കിന്ദിയുടെയും ഇദ്‌രീസ് ഷായുടെയുമൊക്കെ സൂഫികഥകളും ടോൾസ്റ്റോയിയുടെയും ഓ ഹെൻറിയുടെയും കഥകളും ഗ്രന്ഥകാരൻ ഉദ്ധരിക്കുന്നു. ഓരോന്നും ജീവിത രഹസ്യങ്ങളുടെ ഖജാന തുറക്കുന്ന ചെറുകോലുകൾ. ഇസ്‌ലാമിക തത്വചിന്തപോലുള്ള കനപ്പെട്ട പുസ്തകങ്ങളുടെ രചയിതാവും വിവർത്തകനും അധ്യാപകനുമായ അബ്ദുൽ മജീദ് സാഹിബിന്റെ പരന്നവായനയും അഗാധമായ ചിന്തയും സൂക്ഷ്മമായ നിരീക്ഷണവും അനാവരണം ചെയ്യുന്നതാണ് ഓരോ കുറിപ്പും. - ജമാൽ കൊച്ചങ്ങാടി
